ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അറേബ്യയില്‍ നിന്നു കേരളത്തില്‍ വന്ന 12 മുസ്ളീം മതപ്രചാരകന്മാരില്‍ ഖാസിഹുസൈന്‍ എന്ന പണ്ഡിതവരേണ്യന്‍ ഇരിവേരിയിലാണെത്തിയത്. അന്നത്തെ നാടുവാഴുന്നാര്‍ ഭൂമിയും ധനവും നല്‍കി അദ്ദേഹത്തെ സഹായിച്ചുവെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയും മതപഠനകേന്ദ്രവും ശ്മശാനവും ഇരിവേരിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മഹാനുഭാവന്റെ ആദ്യകാലഅനുയായികളുടെ പിന്തുടര്‍ച്ചക്കാരാണ് പിന്നീട് ധര്‍മ്മടം ഖാസിമാരായി നിയമിതരായത്. അവരെത്തന്നെയാണ് അറക്കല്‍ സ്വരൂപവും ഖാസിയായി അംഗീകരിച്ചുപോരുന്നത്. രണ്ടത്തറ(രണ്ടുതറ) അഥവാ പോയനാട് എന്ന സ്ഥലത്തു നിന്നുമാണ് ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് പുറപ്പെട്ടുപോയതെന്നാണ് ഐതീഹ്യം. പഴയകാലത്ത് ചിറക്കല്‍ താലൂക്കിന്റെ ഭാഗമായിരുന്നു, അതിലുള്‍പ്പെട്ടു കിടന്നിരുന്ന അംശങ്ങളായ ഇടക്കാട്, ചെമ്പിലോട്, ഇരിവേരി, മക്രേരി, അഞ്ചരക്കണ്ടി, മാവിലായി, മുഴപ്പിലങ്ങാട് എന്നിവ. കുരുമുളക് കൃഷികൊണ്ട് സമ്പന്നമെന്ന് പേരുകേട്ടതായിരുന്നു രണ്ടത്തറ എന്ന് മലബാര്‍ മാമ്പലില്‍ സൂചിപ്പിച്ചിരിക്കുന്നു. വില്വമംഗലം സ്വാമിയാര്‍ പ്രതിഷ്ഠിച്ചതെന്നു കരുതുന്ന ശ്രീകൃഷ്ണ വിഗ്രഹമുള്ള വെള്ളൂരില്ലത്തിനും, വിഷചികില്‍സാരംഗത്തെ പ്രഗല്‍ഭനായിരുന്ന ചതുര്‍വേദി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ജന്മഗേഹമായ കുനിത്തല ഇല്ലത്തിനും സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ടെന്നു പറയപ്പെടുന്നു. 1423-നും 1445-നും ഇടയ്ക്ക് കോലത്തുനാട് ഭരിച്ചിരുന്ന കേരളവര്‍മ്മയുടെ സദസ്യനും രാമായണം ചമ്പുവിന്റെ കര്‍ത്താവുമായ പൂനം നമ്പൂതിരിയുടെ സമകാലികനും ശ്ളോകരചനയില്‍ സമര്‍ത്ഥനും ശ്രീകൃഷ്ണവിജയം കൃതിയുടെ കര്‍ത്താവുമായ ശങ്കരവാര്യര്‍ തലവില്‍ വാരിയ കുടുംബാഗമായിരുന്നു. 1828-ല്‍ ചിറക്കല്‍ കടലായി ക്ഷേത്രം, ആദ്യത്തെ ചിറക്കല്‍ തമ്പുരാനായ രവിവര്‍മ്മ തമ്പുരാന്‍ പുതുതായി പണി കഴിപ്പിച്ചപ്പോള്‍ കടലായി കൃഷ്ണന്റെ, മുമ്പ് ജലാധിവാസം ചെയ്യിച്ച മൂലബിംബം തലവില്‍ വാര്യത്തുനിന്നും കൊണ്ടുപോയി പ്രതിഷ്ഠിച്ചതാണെന്ന് ചിറക്കല്‍.ടി.ബാലകൃഷ്ണന്‍ നായര്‍ തന്റെ ഗവേഷണപ്രബന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മതമൈത്രിയുടെ മകുടോദാഹരണമാണ് ചാല ക്രിസ്ത്യന്‍ പള്ളിയുടെ ചരിത്രം. വിശാലമായ പള്ളിപ്പറമ്പ് 1872-ജൂലൈ 19-ന് ഏരത്തരേത്ത് കോരന്‍ നമ്പ്യാര്‍, ആര്‍.സി.മിഷനുവേണ്ടി മംഗലാപുരം ബിഷപ്പ് റൈറ്റ് റവ:മേരി അപ്രേം ഒ.സി.ഡിക്ക് സംഭാവനയായി നല്‍കിയതാണ്. മതസൌഹാര്‍ദ്ദത്തിന് ഖ്യാതിനേടിയ തീര്‍ത്ഥാടനകേന്ദ്രമായ മാമ്പസിയാറത്തുങ്കര പള്ളിയിലെ കബറിടത്തില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശഹിദായോര്‍ (വീരചരമംപ്രാപിച്ചയാള്‍), പോര്‍ച്ചുഗീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണയന്നൂര്‍ മാടത്തുമ്മല്‍ തറവാട്ടംഗമായിരുന്നു. ആയുര്‍വ്വേദ ചികില്‍സാരംഗത്ത് വിജയകൊടി പാറിച്ച അതി പ്രശസ്തരായ വൈദ്യന്‍മാരുടെ കേന്ദ്രമായിരുന്നു ചെമ്പിലോട്. കാര്‍ഷികരംഗത്തും ചെമ്പിലോടിന് സ്ഥാനമുണ്ട്. കണയന്നൂര്‍ തെങ്ങും ചെമ്പിലോട് അടക്കയും പ്രസിദ്ധമാണ്. അനുഷ്ഠാന കലയായ തെയ്യംകെട്ടി ഉപജീവനം കഴിക്കുന്ന ചില കുടുംബങ്ങള്‍ പഞ്ചായത്തിലുണ്ട്. വളരെ പഴക്കമുള്ള ക്ഷേത്രങ്ങളും പള്ളികളും സര്‍പ്പക്കാവുകളും പഞ്ചായത്തിലുണ്ട്. ചാലയിലെ കടവാങ്കോട്ട് മാക്കം ഭഗവതിക്കാവ്, ഇരിവേരിക്കാവ്, കാക്കോത്തു ഭഗവതിക്കാവ് തുടങ്ങിയ കാവുകള്‍ വളരെ പ്രസിദ്ധമാണ്. ഏറ്റവും പഴക്കമുള്ള ആരാധനാലയങ്ങള്‍ ശ്രീതലവില്‍ മഹാവിഷ്ണു ക്ഷേത്രം, തന്നെട മയിലപ്പുറം വീരഭദ്രസ്വാമി ക്ഷേത്രം, കുനിത്തല മഹാവിഷ്ണു ക്ഷത്രം, ഇരിവേരി പള്ളി എന്നിവയാണ്. മക്കയില്‍ നിന്നും വന്ന 12 പേരില്‍ ഒരാളാണ് ഇരിവേരി പള്ളി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ചാലയിലെ ഇമ്മാകുലേറ്റ് ചര്‍ച്ച് ക്രിസ്ത്യാനികളുടെ ഏക ആരാധനാലയമാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകളുടെ സംഗമഭൂമിയാണ്. ചിലമ്പും ചെണ്ടയും ശംഖുനാദവും ബാങ്കുവിളിയും കൊണ്ട് മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതുന്ന പുണ്യപുരാണ ക്ഷേത്രങ്ങളും കാവുകളും പള്ളികളും ചെമ്പിലോടിന്റെ സംസ്കൃതിയുടെ ഭാഗമാണ്. പാനേരിച്ചാല്‍ യുവക് വായനശാല കേന്ദ്രമാക്കി വി.കെ.ബാപ്പു മാസ്റ്റര്‍ അയിത്തോച്ചാടനത്തിന്റെ ഭാഗമായി ഹരിജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മിശ്രഭോജനം നടത്തി. രാഷ്ട്രഭാഷാ പ്രചാരണാര്‍ത്ഥം കെ.സി.ഗോവിന്ദന്‍ ഹിന്ദി പഠനക്ളാസും തുടങ്ങി. മിശ്രഭോജനം, കര്‍ഷകത്തൊഴിലാളി മുന്നറ്റം, ദേശീയപ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വപരമായ പ്രോല്‍സാഹനം നല്‍കുന്നതിനായി, കൊയ്യോട്ടെ മണിയലംചിറക്കടുത്ത് സ്ഥാപിതമായ കര്‍ഷകത്തൊഴിലാളി വായനശാല കേന്ദ്രീകരിച്ച് എ.കെ.ജി നടത്തിയ പ്രസിദ്ധമായ പട്ടിണിജാഥയില്‍ ഇവിടെ നിന്നും സര്‍ദാര്‍ ചന്ത്രോത്തിനോടൊപ്പം ഇ.ഗോപാലന്‍ നമ്പ്യാര്‍, എ.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. വായനശാലയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കര്‍ഷകസമ്മേളനം അക്കാലത്തെ ഒരു ചരിത്രസംഭവമായിരുന്നു. പി.കൃഷ്ണപിള്ളയുടെ നേതൃത്വം മൊയാരത്ത് ശങ്കരന്‍, എ.വി.കുഞ്ഞമ്പു. കെ.എ.കേരളീയന്‍ എന്നിവരുടെ സാന്നിധ്യം മുതലായവ സമ്മേളനത്തെ സജീവമാക്കി. ചാല ദേശോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ കെട്ടിടോല്‍ഘാടനം നിര്‍വ്വഹിച്ചത് കേരളം കണ്ട സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ അഗ്രഗണ്യനായ വി.ടി.ഭട്ടതിരിപ്പാടായിരുന്നു. 1942-കാലഘട്ടത്തില്‍ തൊട്ടുകൂടാത്തവരെയും തീണ്ടികൂടാത്തവരെയും ഒപ്പമിരുത്തി നടത്തിയ സമൂഹസദ്യ ആ കാലഘട്ടത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന്റെ നേതൃത്വപരമായ പങ്ക് വഹിച്ചത് ആര്‍.കുഞ്ഞമ്പു ആയിരുന്നു. കൊയ്യോട്ട് രൂപീകരിക്കപ്പെട്ട ശ്രീനാരായണസേവാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് സമൂഹസദ്യ സംഘടിപ്പിച്ചത്. അതിന്റെ ഖജാന്‍ജിയായി എ.കെ.അഹമ്മദ്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു എന്നതുതന്നെ ഇവിടുത്തെ മതമൈത്രിക്ക് ഉദാഹരണമാണ്. സാഹിത്യകാരനും എഴുത്തുകാരനും സ്വാതന്ത്യ്രസമരസേനാനിയുമായിരുന്ന മൊയാരത്തു ശങ്കരന്റെ പ്രവര്‍ത്തനമേഖലകളിലൊന്ന് ഈ ഗ്രാമമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം, ഒരു പെണ്‍കിടാവിന്റെ തന്റേടം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. തച്ചുശാസ്ത്രകലകളില്‍ നിപുണനും, സംഗീതജ്ഞനുമായിരുന്ന വലിയപുരയില്‍ ശങ്കരന്‍ കേരളവര്‍മ്മനാചാരി, നാടകസംവിധായകന്‍ കാളിയത്ത് പത്മനാഭന്‍ നമ്പ്യാര്‍, സിനിമാനടന്‍ കെ.എന്‍.പി.നമ്പ്യാര്‍ തുടങ്ങിയവര്‍ മണ്‍മറഞ്ഞ പ്രശസ്ത കലാകാരന്‍മാരാണ്. ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെ ജാതിമതഘടന പരിശോധിച്ചാല്‍ ഭൂരിഭാഗവും ഹിന്ദു, മുസ്ളീം ജനവിഭാഗങ്ങളാണ്. നാമമാത്രമായി ക്രിസ്ത്യന്‍ ജനവിഭാഗവും അധിവസിക്കുന്നു. വിവിധ ജാതിമത വിഭാഗങ്ങള്‍ നിവസിക്കുന്ന പ്രദേശമാണെങ്കിലും മതസൌഹാര്‍ദ്ദവും മൈത്രിയും നിലനില്‍ക്കുന്നു. ഓരോ മതസ്ഥരും അന്യമതക്കാരുടെ ആഘോഷങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.